തിരുവനന്തപുരം: തൈക്കാടുള്ള കൊറിയര്‍ സര്‍വീസില്‍ പാഴ്സല്‍ വഴി എത്തിയ എം.ഡി.എം.എ എക്സൈസ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് വഴുതക്കാട് മേല്‍വിലാസത്തില്‍ വന്ന പാഴ്സല്‍ രണ്ടുദിവസം ഏറ്റെടുക്കാന്‍ ആളില്ലാതെ കൊറിയര്‍ സര്‍വീസില്‍ കിടന്നു.പിന്നീട് ആളെത്തിയെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതോടെ മുങ്ങി. സംശയം തോന്നിയ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പാഴ്സല്‍ തുറന്നപ്പോഴാണ് ഉള്ളില്‍ എം.ഡി.എം.എ ആണെന്ന് കണ്ടെത്തിയത്.10.32 ഗ്രാം എം.ഡി.എം.എയാണ് പാഴ്സലിലുണ്ടായിരുന്നത്. മേല്‍വിലാസം വ്യാജമായിരുന്നു. നല്‍കിയിരുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.