വടകര: ചോമ്പാലിൽ നിന്നു മത്സ്യബന്ധനത്തിനു പോയവര്‍ സഞ്ചരിച്ച ഫൈബര്‍വള്ളം മറിഞ്ഞ് രണ്ടു പേര് മരിച്ചു.ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂക്കര മാടാക്കര വലിയ പുരയില്‍ അച്യുതന് (56), അഴിയൂര്‍ പൂഴിത്തല ചിള്ളിപറമ്ബത്ത് അസീസ് (50) എന്നിവരാണ് മരിച്ചത്. മാടാക്കരയിലെ ഷൈജുവാണ് (45) ആശുപത്രിയിലുള്ളത്.ചോറോട് മുട്ടുങ്ങലില്‍ നിന്ന് ഏഴു കിലോമീറ്ററോളം അകലെ ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം നടന്നത്. മൂന്നു പേരാണ് തോണിയിലുണ്ടായിരുന്നത്. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് മുങ്ങുകയായിരുന്നു. വലിയ വള്ളത്തില്‍ നിന്നു മത്സ്യവുമായി ചോമ്ബാലിലേക്കു പോകുമ്ബോഴായിരുന്നു കനത്ത കാറ്റില്‍ വള്ളം അപകടത്തില്‍പെട്ടത്.ഇതോടെ കടലില്‍ അകപ്പെട്ട മൂന്നു പേരും കര ലക്ഷ്യമാക്കി നീന്തി. അവശനായി മുട്ടുങ്ങല്‍-കുരിയാടി ഭാഗത്ത് എത്തിയ ഷൈജുവിനെ നാട്ടുകാര്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹമാണ് കടലില്‍ രണ്ടു പേര് കൂടിയുള്ള കാര്യം അറിയിച്ചത്. ഷൈജുവിന്റേതാണ് ഫൈബര്‍ വള്ളം.ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് മറ്റുള്ളവരെ കണ്ടെത്തിയതും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതും. അപ്പോഴേക്കും ഇരുവരും മരണടഞ്ഞിരുന്നു.