ഒഡീഷ; ഒഡീഷയിലെ ജാജ്പൂർ ജില്ലയില്‍ ബസ് മേല്‍പ്പാലത്തില്‍ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. 38 ഓളം പേർക്ക് പരിക്കേറ്റു.ബരാബതിക്ക് സമീപം ദേശീയ പാത -16 ല്‍ ആണ് സംഭവം.
കട്ടക്കില്‍ നിന്ന് പശ്ചിമ ബംഗാളിലെ ദിഘയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയം ബസില്‍ അമ്പതോളം യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മദ്യലഹരിയിലായിരിക്കാനാണ് സാധ്യതയെന്ന് ദൃക്സാക്ഷിയായ നാട്ടുകാരൻ പറഞ്ഞു.
ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്ന് ജാജ്പൂർ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസർ പറഞ്ഞു. പരിക്കേറ്റവരെ കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ജയ്പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിലേക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങള്‍ അടുത്തുള്ള ബസ് സ്റ്റാൻഡിലായിരുന്നു, ബസ് ഡ്രൈവർ അശ്രദ്ധമായി വാഹനമോടിക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുകയും ചെയ്തു. ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് തോന്നുന്നത്,” പ്രദേശവാസി പറഞ്ഞു.
അപകടസ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.