കൊച്ചി : അനധികൃത സ്വത്തുസമ്പാദന കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെതിരേ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). 2011 മുതല്‍ 2016 വരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്തു നടന്നതായി പറയുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷിക്കുന്നത്. ശിവകുമാറിനോടും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ എം. രാജേന്ദ്രന്‍, എന്‍.എസ്. ഹരികുമാര്‍, ഡ്രൈവര്‍ ഷൈജു ഹരന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.29നു കൊച്ചി ഓഫീസില്‍ ഹാജരാകാനാണു നോട്ടീസ്. ശിവകുമാര്‍ മന്ത്രിയായിരുന്ന കാലയളവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രി, ബന്ധുക്കളുടെ പേരില്‍ മൂന്ന് ആശുപത്രികള്‍ വാങ്ങിയതായാണു പ്രധാന ആരോപണം.കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്തുസമ്പാദനവും നടന്നതായി വിജിലന്‍സ് കണ്ടെത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ആസ്തികളിലെ വ്യത്യാസം, ബിനാമി ഇടപാടുകള്‍, നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ ആരോപണങ്ങളാണു ശിവകുമാര്‍ നേരിട്ടിരുന്നത്.സ്വന്തം പേരിലും ബിനാമികളുടെ പേരിലും അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി. പ്രാഥമികാന്വേഷണം നടത്തിയത്.