സര്‍വ്വസജ്ജമായി വിവിധ വകുപ്പുകള്‍; ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുള്‍പ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും. സിസിടിവികള്‍, അറിയിപ്പ് ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ഇതില്‍ 10 എണ്ണം ആരോഗ്യവകുപ്പ്, രണ്ടെണ്ണം 108 ആംബുലന്‍സ്, മൂന്നെണ്ണം കോര്‍പ്പറേഷന്‍ എന്നിങ്ങനെയാണ് ഒരുക്കുക. ഇതുകൂടാതെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഞ്ചും സ്വകാര്യ ആശുപത്രികള്‍ ഏഴും ആംബുലന്‍സുകള്‍ നല്‍കും. ഇതോടൊപ്പം ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പിന്റെ എട്ട് ആംബുലന്‍സുകളും സേവനത്തിലുണ്ടാകും. 140 സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍ ഉള്‍പ്പെടെ 475 പേരെ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം സേവനത്തിനായി നിയോഗിക്കും. 27 മുതല്‍ ക്ഷേത്രത്തിന് സമീപം കണ്‍ട്രോള്‍ റൂമും തുറക്കും. 27 മുതല്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ഓഫീസും ക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിച്ചു തുടങ്ങും. ശുചിത്വ മിഷന്റെയും കോര്‍പ്പറേഷന്റെയും സംയുക്ത സ്വാഡുകള്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താന്‍ ഭക്ഷ്യസംരഭകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ട്്. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പുകളുടെ വിവിധയിടങ്ങളിലെ ജോലികള്‍ ഈ മാസം 25 ഓടെ പൂര്‍ത്തിയാകും. മണക്കാട് മാര്‍ക്കറ്റിലെ തടസ്സം സൃഷ്ടിച്ച മരങ്ങള്‍ ഇതിനോടകം മുറിച്ചു മാറ്റിക്കഴിഞ്ഞു. ആമയിഴഞ്ചാന്‍ തോടിന്റെ പാര്‍ശ്വഭിത്തികളുടെ പണിയും പൂര്‍ത്തിയായി. വിവിധയിടങ്ങളിലായുള്ള കോര്‍പ്പറേഷന്‍ റോഡുകളില്‍ ഏഴിടങ്ങളിലെ പണി പൂര്‍ത്തിയായി വരുന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സബ്കളകടര്‍ ഡോ. അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 + 15 =