ലൊസാഞ്ചലസ്: ദി ഗോഡ്ഫാദര്‍ സിനിമയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ജെയിംസ് കാന്‍ (82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യമെന്ന് കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. 1972ല്‍ ഫ്രാന്‍സിസ് കൊപ്പോളയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ദി ഗോഡ്ഫാദര്‍’ എന്ന ക്ലാസിക് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാര്‍ഡിനും സഹ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. സണ്ണി കോര്‍ലിയോണ്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലും എത്തി.
1960കളിലാണ് കാന്‍ അഭിനയജീവിതം ആരംഭിച്ചത്. റോളര്‍ബോള്‍, തീഫ്, മിസെറി തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. 1980കളുടെ തുടക്കത്തില്‍ ലഹരി ഉപയോഗത്തിന് അടിമപ്പെട്ട അദ്ദേഹം 81ലെ സഹോദരിയുടെ മരണത്തോടെ മാനസികമായി തകര്‍ന്നു. പിന്നീട് 1990ല്‍ മിസറിയിലൂടെ ഉജ്വല തിരിച്ചുവരവ് നടത്തുകയായിരുന്നു.