കൊച്ചി: ചമ്പക്കര മീന്‍ മാര്‍ക്കറ്റില്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്പനയ്ക്കായി കര്‍ണാടകയില്‍ നിന്നെത്തിച്ച പഴകിയ മീന്‍ പിടിച്ചെടുത്തു.1000 കിലോ പഴകിയ ചെമ്പല്ലിയാണ് പിടിച്ചെടുത്തത്. മീന്‍ ബ്രഹ്മപുരത്തെത്തിച്ച് നശിപ്പിക്കുകയും 25000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് അടക്കമുള്ള സസ്ഥാനങ്ങളില്‍നിന്ന് പഴകിയ മീനുകള്‍ കൊച്ചിയിലേക്ക് എത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പഴക്കമില്ലാത്ത അയല, ചാള തുടങ്ങിയ മീനുകള്‍ക്കൊപ്പം അഴുകിയ നിലയിലയിലായിരുന്നു മീന്‍ കണ്ടെത്തിയത്. ലോറി കോര്‍പ്പറേഷന്‍ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ആറാംതീയതി കുണ്ടന്നൂരില്‍നിന്ന് രണ്ട് കണ്ടെയ്‌നറുകളിലായി 4000 കിലോയിലധികം അഴുകിയ നിലയില്‍ കൊണ്ടുവന്ന മത്സ്യം പിടിച്ചെടുത്തിരുന്നു.