കോഴിക്കോട്: ദേശീയ, സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കേരള, എംജി, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും. കേരള നഴ്‌സിങ് കൗണ്‍സില്‍ ഇന്നു നടത്താനിരുന്ന പരീക്ഷയും മാറ്റിവച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍, നിയമനപരിശോധന എന്നിവ മാറ്റമില്ലാതെ നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു.
വ്യാഴാഴ്ചയാണ് കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലായി എന്‍ഐഎയും ഇഡിയും പോപുലര്‍ ഫ്രണ്ടിന്റെ 93 കേന്ദ്രങ്ങളില്‍ അന്യായ റെയ്ഡ് നടത്തിയത്. വിവിധ കേസുകളിലുമായി 45 പേരെയാണ് അറസ്റ്റ് ചെയ്തത്. അതില്‍ 19 പേരും കേരളത്തില്‍നിന്നാണ്.