തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച രാജിന്റെ അമ്മ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കാണാനില്ലെന്ന് കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്.
സംശയം തോന്നി രാജിന്റെ സഹോദരന്‍ ബിനുവിനെ നിരന്തരം ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് അനുജനെ കൊന്നു കൂഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. സഹോദരനെ കൊന്ന് വീടിന്റെ പിന്നില്‍ കുഴിച്ചുമൂടി എന്നതായിരുന്നു കുറ്റസമ്മതമൊഴി. ഇതനുസരിച്ച് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ്മൃതദേഹം കണ്ടെത്തിയത്. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.ഓണക്കാലത്ത് അമ്മ ബന്ധുവീട്ടില്‍ പോയ സമയത്ത് സഹോദരങ്ങള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് ഒടുവില്‍ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്‍കുന്ന വിവരം.