കൊച്ചി : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണു റെയ്‌ഡ്.കൊച്ചിയിലും കോഴിക്കോട് കൊയിലാണ്ടിയിലും ചെന്നൈയിലും ഒരേ സമയമാണു റെയ്‌ഡ് നടന്നത്.
ഇന്നലെ രാവിലെ എട്ടു മണി മുതലായിരുന്നു പരിശോധന. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്‌ഥര്‍ നേതൃത്വം നല്‍കി. രാഷ്‌ട്രീയ ബന്ധങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ്- കള്ളപ്പണ ഇടപാടുകള്‍ എന്നീ ഘടകങ്ങളിലാണ് അന്വേഷണമെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
തൊണ്ണൂറിലധികം റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസിനുഭൂമി ഇടപാടുകളുണ്ട്. ഇതില്‍ വിദേശത്തുനിന്നടക്കം നിക്ഷേപമുണ്ട്. ചെന്നൈ ആസ്‌ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളില്‍ വിവിധ ഡയറക്‌ടര്‍മാരെയാണു രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇവരില്‍ പലരും വിദേശത്തുനിന്നുള്ളവരാണെന്നും സൂചനയുണ്ട്. പല കമ്പനികളിലും നിക്ഷേപകര്‍ ആരാണെന്നതില്‍ അവ്യക്‌തതയുണ്ട്. കമ്പനികളില്‍ രാഷ്‌ട്രീയ നേതാക്കളുടെ നിക്ഷേപമുണ്ടെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നു. കോടികളുടെ കള്ളപ്പണം നിക്ഷേപമായി എത്തിയെന്നാണ് ആദായനികുതി വകുപ്പ് വിലയിരുത്തല്‍.