കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം

വര്‍ക്കല: ഇരുനിലവീടിന് തീപിടിച്ച്‌ ഉറക്കത്തിലായിരുന്ന കൈക്കുഞ്ഞുള്‍പ്പെടെ അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ ദുരന്തം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം.പഴം പച്ചക്കറി മൊത്തവ്യാപാരിയും വര്‍ക്കല പുത്തന്‍ചന്ത ആര്‍.പി.എന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് ഉടമയുമായ വര്‍ക്കല അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ബേബിയെന്ന് വിളിക്കുന്ന ആര്‍.പ്രതാപന്‍ (62), ഭാര്യ ഷെര്‍ളി (52), മരുമകള്‍ അഭിരാമി (24), ഇളയമകന്‍ അഖില്‍ (29) അഭിരാമിയുടെ മകന്‍ എട്ടുമാസം പ്രായമുള്ള റയാന്‍ എന്നിവരാണ് മരിച്ചത്. പ്രതാപന്റെ രണ്ടാമത്തെ മകനും അഭിരാമിയുടെ ഭര്‍ത്താവുമായ നിഹുലിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനും ചികിത്സയ്ക്കും ശേഷം നിഹുല്‍ ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്നു. സംഭവം നടക്കുമ്പോള്‍ മൂത്തമകന്‍ രാഹുലും കുടുംബവും വിദേശത്തായിരുന്നു.
2022 മാര്‍ച്ച്‌ 8ന് രാത്രി 1.45 ഓടെയാണ് തീപിടിത്തമുണ്ടായത്. അര്‍ദ്ധരാത്രി കഴിഞ്ഞ് ടോയ്‌ലെറ്റില്‍ പോകാന്‍ വീട്ടിന് പുറത്തിറങ്ങിയ അയല്‍ക്കാരന്‍ ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയമരുന്നതും തീയും പുകയും വ്യാപിക്കുന്നതും ആദ്യം കണ്ടത്. ശശാങ്കന്റെ നിലവിളികേട്ടാണ് സമീപവാസികള്‍ ഓടിയെത്തി ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്സെത്തിയെങ്കിലും നിഹുലിനെ മാത്രമേ ജീവനോടെ രക്ഷിക്കാനായുള്ളൂ. ഷോര്‍ട് സര്‍ക്യൂട്ട്മൂലമാണ് തീപിടിത്തമെന്നായിരുന്നു പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയുംപ്രാഥമികനിഗമനം. എന്നാല്‍ ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നടത്തിയ പരിശോധനകള്‍ ഈ നിഗമനം പാടെ തളളിക്കളയുന്നതായിരുന്നു. ഇതോടെയാണ് സംഭവത്തിനു പിന്നില്‍ ദുരൂഹതയുള്ളതായി സംശയമുയര്‍ന്നത്. ഇതിനെതുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ആദ്യം പ്രതാപന്റെ മക്കളായ രാഹുലും നിഹുലും അഭിരാമിയുടെ അച്ഛന്‍ സെയിന്‍നടേശനും ചേര്‍ന്ന് സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതോടെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 + 2 =