ചിന്നക്കനാല്‍ : ചിന്നക്കനാല്‍ ബിഎല്‍ റാം കുളത്താമ്പാറക്ക് സമീപം കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ബി.എല്‍ റാം സ്വദേശി ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് 8 വയസ് പ്രായം വരുന്ന സിഗരറ്റ് കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്.ഇന്നലെ രാവിലെ സമീപത്തെ ഏലത്തോട്ടത്തില്‍ ജോലിക്ക് എത്തിയവരാണ് കാട്ടാനയുടെ ജഡം ആദ്യം കണ്ടത്. ഈ സ്‌ഥലത്ത് എല്‍.ടി. വൈദ്യുത ലൈന്‍ താഴ്‌ന്നു കിടക്കുന്നുണ്ടായിരുന്നു. ലൈനില്‍ തട്ടി വൈദ്യുതാഘാതമേറ്റ് കൊമ്പന്‍ ചരിഞ്ഞതായാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം റേഞ്ച് ഓഫിസര്‍ പി.വി.വെജി പറഞ്ഞു.