നിയമ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് വിഴിഞ്ഞത്തെ സമരത്തില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നേക്കും

തിരുവനന്തപുരം: നിയമ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് വിഴിഞ്ഞത്തെ സമരത്തില്‍ അടിയന്തിര പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷ തീരുമാനം.കഴിഞ്ഞ ദിവസത്തെ സമവായ ചര്‍ച്ച ഫലം കാണാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കുകയാണ് പ്രതിപക്ഷ നീക്കം. ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ഉള്ള ബില്‍ നാളെ സഭയില്‍ അവതരിപ്പിക്കും. സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച്ച തന്നെ ബില്‍ പാസ്സാക്കാന്‍ ആണ് ശ്രമം. ഗവര്‍ണ്ണറെ പിന്തുണക്കാന്‍ ഇല്ലെങ്കിലും ലീഗും ബില്ലിനെ എതിര്‍ക്കും.വിഴിഞ്ഞത്ത് സമവായത്തിനായി തിരക്കിട്ട ശ്രമങ്ങളാണ് ഇന്ന് നടന്നത്. സര്‍ക്കാരും മധ്യസ്ഥന്റെ റോളിലുള്ള കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടില്‍ ആശയവിനിമയം നടത്തി.ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേര്‍ന്ന ശേഷം സമരസമിതിയുമായി ചര്‍ച്ച നടത്താനായിരുന്നു ധാരണ. എന്നാല്‍ അനുരഞ്ജന ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്ന നിര്‍ദ്ദേശങ്ങളില്‍ ഇനിയും വ്യക്തത ആകാത്തതിനാല്‍ സമരസമിതി-സര്‍ക്കാര്‍ ചര്‍ച്ച നടന്നില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയില്‍ സമരസമിതി നിര്‍ദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.തീരത്ത് നിന്നും മാറി കഴിയുന്നവര്‍ക്കുള്ള വീട്ടുവാടക 5500 ല്‍ നിന്നും 8000 ആക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കൂട്ടുന്ന തുക അദാനി ഗ്രൂപ്പിന്റെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്നും നല്‍കാനായിരുന്നു നീക്കം.ഇതിനെ സമരസമിതി എതിര്‍ത്തു. സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഇതില്‍ സര്‍ക്കാറിന്റെയും സമരസമിതിയുടേയും പ്രതിനിധികള്‍ ഉണ്ടാകും.
മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറണെന്ന സൂചന സമരസമിതി നല്‍കുന്നുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × three =