മൂന്നാര്‍: മണിക്കൂറുകളോളം പെയ്‌ത കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാര്‍ കോളനി സ്വദേശി കുമാറിന്റെ ഭാര്യ മാല കുമാറാ(38)ണു മരിച്ചത്.മൂന്നാര്‍ എം.ജി. കോളനിയിലെ മുസ്ലിംപള്ളിക്ക് പുറകുവശത്തായി ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അര മണിക്കൂറോളം മാല മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നു. മൂന്നാര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണു മാലയെ പുറത്തെടുത്തത്. ഉടന്‍തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ മാല മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ദേവികുളം എസ്.സി. ഓഫീസിലെ ക്ലര്‍ക്കായ കുമാര്‍ ജോലി സ്‌ഥലത്തായിരുന്നു. മൂന്നു മക്കള്‍ ഉള്ളതില്‍ രണ്ടുപേരും കുളമാവ് നവോദയ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. വീട്ടിലുണ്ടായിരുന്ന മകന്‍ ട്യൂഷന് പോയപ്പോഴായിരുന്നു അപകടം. കോളനിയിലെ വാട്ടര്‍ ടാങ്കിന് സമീപം മുമ്പും മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നു.
ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളെ മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍തയാറാക്കിയ താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.