മലപ്പുറം: ആനക്കയം ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് പന്തല്ലൂര്‍ മലയില്‍ വന്‍ മണ്ണിടിച്ചില്‍. ഒരേക്കറോളം റബ്ബര്‍ കൃഷി പൂര്‍ണമായും നശിച്ചു. ജനവാസമേഖലയല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ അര്‍ധരാത്രിയാണ് മണ്ണിടിച്ചലിനെ തുടര്‍ന്ന് മലവെള്ളമെത്തിത്. കല്ലും മണ്ണും ഒലിച്ചെത്തിയതിനാല്‍ സ്ഥലത്തെ ഗതാഗതം സ്തംഭിച്ചു. ഇതിനിടെ മലപ്പുറം ഏറനാട് താലൂക്കില്‍ കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള അഞ്ചു കുടുംബങ്ങളിലായി 18 പേരെ മുനിസിപ്പല്‍ ടൗണ്‍ ഹാളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.