തിരുവനന്തപുരം: ജീനോമിക്സ് രംഗത്തെ ക്ലെവര്‍ജീന്‍ ബയോകോര്‍പ് തിരുവനന്തപുരത്ത് അത്യാധുനിക ജീനോമിക്സ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുമായി (ആര്‍ജിസിബി) ധാരണാപത്രത്തില്‍ ഒപ്പിട്ടു. ആര്‍ജിബിസിയുടെ ഡയറക്ടര്‍ പ്രൊഫസര്‍ ചന്ദ്രഭാസ് നാരായണ, ചീഫ് കണ്‍ട്രോളര്‍ എസ് മോഹനന്‍ നായര്‍, ക്ലെവര്‍ ജീന്‍ ബയോടെകിന്റെ സി ഇ ഒ ടോണി ജോസ്, ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ശിവ മോഹന്‍ സിംഗ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ബയോടെക്നോളജി, രോഗബാധ, അര്‍ബുദം, മറ്റ് ഗുരുതരമായ രോഗങ്ങള്‍ എന്നിവയില്‍ ഗവേഷണം നടത്തുന്നതിന് ഇല്ലുമിന നോവസെക് പോലുള്ള അത്യാധുനിക ഡിഎന്‍എ ശ്രേണീകരണ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ജീനോമിക്സ് സെന്റര്‍. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു കേന്ദ്രം നിലവില്‍വരുന്നത്.
മറ്റ് ഗവേഷണ കേന്ദ്രങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ജീനോമിക്സ് കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും. കോവിഡ് 19 വൈറസിന്റേത് അടക്കമുള്ളവയുടെ ജീന്‍ എക്സ്പ്രഷന്‍ അനാലിസിസ്, എപിജെനറ്റിക്സ്, ജനിതകവസ്തു പരിശോധന എന്നീ സേവനങ്ങളാണ് നല്‍കുക.