പൂവാര്‍: അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ച പൂവാര്‍ സ്വദേശിയെ പിടികൂടി. കല്ലിംഗവിളാകം കാട്ടുപ്ലാവ് നിഷാ മന്‍സിലില്‍ 75 എന്ന് വിളിക്കുന്ന നിസാബ് മൊയ്തീന്‍(33) നെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കല്ലിംഗവിളാകം തൈപ്പലം വീട്ടില്‍ തങ്കരാജനേയും ഭാര്യയെയുമാണ് കഴിഞ്ഞ 12ന് ഇയാള്‍ വീട്ടില്‍ കയറി ആക്രമിച്ചത്. അടുത്തകാലത്ത് തങ്കരാജന്റ വീട്ടില്‍ വളര്‍ത്തിയിരുന്ന പശുക്കള്‍ മോഷണം പോയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ നിസാബ് മൊയ്തീനേയും സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ വൈരാഗ്യത്തില്‍ തങ്കരാജന്റെ വീട്ടില്‍ കല്ലുമായി അതിക്രമിച്ച് കയറി ഭീഷണി മുഴക്കുകയും, ചീത്ത വിളിച്ചും ഉടുമുണ്ടുരിഞ്ഞ് നഗ്നത കാട്ടിയും തങ്കരാജന്റെ ഭാര്യയെ പിടിച്ച് തള്ളുകയും ചെയ്തത്. തങ്കരാജന്റെ പരാതിയെ തുടര്‍ന്നാണ് പൂവാര്‍ സി.ഐ. എസ്.ബി.പ്രവീണ്‍, എസ്.ഐ തിങ്കള്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, ക്രിസ്റ്റഫര്‍, രതീഷ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.