വിഴിഞ്ഞം: ആഴിമല കടല്‍ തീരത്ത് തിരയില്‍പ്പെട്ട് അഞ്ചംഗ സംഘത്തിലെ ഒരാളെ കാണാതായി. കാട്ടാക്കട കണ്ടല അഴകം കാട്ടുവിള രാജേഷ് ഭവനില്‍ മുത്തു എന്നു വിളിക്കുന്ന രാകേന്ദിനെയാണ് (27) കാണാതായത്.ഒപ്പം തിരയില്‍പ്പെട്ട മലയില്‍കീഴ് ശാന്തംമൂല കീഴേ പാറയില്‍ വിളാകം വീട്ടില്‍ കൊച്ചു എന്ന് വിളിക്കുന്ന അനില്‍ കുമാറിനെ (31) ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഏഴ് മണിയോടെ ആഴിമല കാര്‍ പാര്‍ക്കിംഗിനുതാഴെയുള്ള കടലിലായിരുന്നു അപകടം.നഗരത്തിലെ ഒരു സംഘടനയുടെ സമ്മേളനവുമായി ബന്ധപ്പെട്ട പന്തല്‍ പണി കഴിഞ്ഞ് ആഴിമലയിലെത്തിയതായിരുന്നു സംഘം. 6 മണിയോടെയെത്തിയ സംഘത്തിലെ രണ്ടു പേര്‍ രാത്രി 7 മണിയോടെ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു.ഇവര്‍ക്കൊപ്പമെത്തിയ പുല്ലുവിള ലക്ഷം വീട് കോളനിയില്‍ വിഷ്ണു, കണ്ടല അഴകം കാട്ടുവിള പുത്തൻ വീട്ടില്‍ സുജു, കണ്ടല മുവോട്ടുകോണം തടത്തരികത്ത് വീട്ടില്‍ അനു എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും രാകേന്ദ് തിരയില്‍പ്പെടുകയായിരുന്നു.രണ്ട് മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.