മുംബൈ: നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ (86) ഇനിയില്ല. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചു.കർമവീഥിയില്‍ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തി. അക്കാലത്ത് ടാറ്റ ഗ്രൂപ്പിന്റെ വരുമാനം നാല്പതിരട്ടിവരെയും ലാഭം അൻപതിരട്ടിവരെയും വളർന്നു.ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യയില്‍ ടാറ്റ ഇൻഡിക്കയിറക്കി. സാധാരണക്കാർക്കും കാറോടിച്ചുനടക്കാൻ അവസരമൊരുക്കി ടാറ്റ നാനോ എത്തിച്ചു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ, കുഞ്ഞൻ കാർ; അന്ന് അതായിരുന്നു നാനോയുടെ വിശേഷണം. സാധാരണക്കാരെ മനസ്സിലോർത്ത് കുറഞ്ഞവിലയില്‍ ‘സ്വച്ഛ്’ വാട്ടർ പ്യൂരിഫയറും അദ്ദേഹം കൊണ്ടുവന്നു.വിദേശകമ്ബനികള്‍ ഏറ്റെടുത്ത് ടാറ്റയെ ആഗോളതലത്തില്‍ വളർത്തി. ബ്രിട്ടനിലെ ടെറ്റ്ലി ടീയെ 2000-ത്തില്‍ ഏറ്റെടുത്ത് ‘ടാറ്റ ഗ്ലോബല്‍ ബെവ്റജസ്’ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്ക മ്പനിയായി. ദക്ഷിണ കൊറിയയിലെ ദെയ്വു മോട്ടോഴ്സ്, ബ്രിട്ടീഷ് ബ്രാൻഡായിരുന്ന ജഗ്വാർ ആൻഡ് ലാൻഡ് റോവർ, ബ്രിട്ടനിലെ കോറസ് ഉരുക്കുകമ്ബനി അങ്ങനെ രത്തന്റെ കാലത്ത് ടാറ്റയില്‍ ലയിച്ച കമ്പനികളേറെ.