ബെംഗളൂരു: സ്വിച്ച്‌ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു.ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാന്നിധ്യയാണ് ദാരുണമായി മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ മറ്റൊരു മകളുടെ ജന്മദിനാഘോഷത്തിന്റെ തിരക്കിലായിരുന്നു. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാൻ മറന്നുപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ചാര്‍ജര്‍ പോയന്റിനടുത്ത് കിടന്നിരുന്ന കുട്ടി കേബിളിന്റെ അറ്റം വായയിലിട്ട് ചവച്ചപ്പോള് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.