ബംഗളൂരു : അയോധ്യയിലേക്ക് ആറ് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ, പശ്ചിമ റെയില്‍വേ. മൈസൂരുവില്‍നിന്ന് രണ്ടും എസ്.എം.വി.ടി ബംഗളൂരു, തുമകുരു, ചിത്രദുർഗ, ബെളഗാവി, വാസ്കോഡ ഗാമ എന്നിവിടങ്ങളില്‍നിന്നുമാണ് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചത്.ഈ ട്രെയിനുകളിലെ ടിക്കറ്റുകള്‍ കൗണ്ടർ വഴി ലഭിക്കില്ലെന്നും ഐ.ആർ.സി.ടി.സി ആപ് വഴിയോ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്നും ബംഗളൂരു എ.ഡി.ആർ.എം അറിയിച്ചു.എസ്.എം.വി.ടി- അയോധ്യ ധാം സ്പെഷല്‍ ട്രെയിൻ (06201) ബുധനാഴ്ച ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച അയോധ്യയിലെത്തും. തിരിച്ച് ശനിയാഴ്ച പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച ബംഗളൂരുവിലെത്തും. ജനുവരി 31, ഫെബ്രുവരി 14, 28 തീയതികളിലാണ് ബംഗളൂരുവില്‍നിന്നുള്ള സർവിസ്. മൈസൂരു-അയോധ്യ ധാം സ്പെഷല്‍ ട്രെയിൻ (06202) മൈസൂരുവില്‍നിന്ന് ഞായറാഴ്ച പുറപ്പെട്ട് ചൊവ്വാഴ്ച അയോധ്യയിലെത്തും. തിരിച്ച് ബുധനാഴ്ച പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച മൈസൂരുവിലെത്തും. ഫെബ്രുവരി രണ്ട്, 18 തീയതികളിലാണ് മൈസൂരുവില്‍നിന്നുള്ള സർവിസ്. മൈസൂരു- അയോധ്യ ധാം സ്പെഷല്‍ ട്രെയിൻ (06206) മൈസൂരുവില്‍നിന്ന് ഫെബ്രുവരി 17ന് പുറപ്പെടും. തിരിച്ച് അയോധ്യയില്‍നിന്ന് ഫെബ്രുവരി 20നും. ഇവ ബംഗളൂരു വഴിയാണ് കടന്നുപോവുക. തുമകുരു-അയോധ്യ ധാം സ്പെഷല്‍ (06203), ചിത്രദുർഗ- അയോധ്യ ധാം സ്പെഷല്‍ (06204), വാസ്കോഡ ഗാമ- അയോധ്യ ധാം സ്പെഷല്‍ (06205), ബെളഗാവി – അയോധ്യ ധാം സ്പെഷല്‍ തുടങ്ങിയ ട്രെയിനുകള്‍ ഫെബ്രുവരി 17ന് അയോധ്യയിലേക്കും 20ന് തിരിച്ചും സർവിസ് നടത്തും.