കൊട്ടാരക്കര: രക്തം ഛര്‍ദിച്ച് മകന്‍ മരിച്ചതിന് തൊട്ടു പിന്നാലെ അമ്മയും മരിച്ചു. സദാനന്ദപുരം പനവേലി പുത്തന്‍വീട്ടില്‍ സന്തോഷ് (50), അമ്മ ചെല്ലമ്മ എന്നിവരാണ് മിനറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സന്തോഷും മകന്‍ സൂരജും (14) അമ്മ ചെല്ലമ്മയുമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. മദ്യത്തിനടിമയായ സന്തോഷ് ഒരാഴ്ചയായി സൂരജിനെ വീട്ടിനുള്ളില്‍ കയറ്റിയിരുന്നില്ല. ചെല്ലമ്മയെ മുറിക്കുള്ളില്‍ അടച്ചിടുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്തോടെ അവശനായ സന്തോഷ്, സൂരജിനെ വീട്ടിനുള്ളില്‍ കയറ്റുകയും തുടര്‍ന്ന് രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു. സൂരജ് അറിയിച്ചതനുസരിച്ച് സുഹൃത്തുക്കളെത്തി സന്തോഷിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി വാളകം ഔട്ട് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴേക്കും അമ്മ ചെല്ലമ്മയും മരിച്ചു. സന്തോഷിന്റെ മരണം അമിതമദ്യപാനത്താലുണ്ടായ രോഗംമൂലവും ചെല്ലമ്മയുടെ മരണം ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാലും ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം അറിയാന്‍ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.