ചേര്‍പ്പ് : അവിണിശ്ശേരി ബോട്ട് ജെട്ടി, പെരിഞ്ചേരി പ്രദേശങ്ങളില്‍ തെരുവുനായ് ആക്രമണം. കുട്ടികളും സ്ത്രീകളടങ്ങുന്ന 14 പേരെയാണ് നായ് ആക്രമിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കിലോമീറ്ററുകളോളം ഓടിയ തെരുവുനായ് റോഡിലൂടെ നടന്നുപോയവരെയും വീടുകളിലും പരിസര പ്രദേശങ്ങളിലുമുള്ളവരെയും കടിക്കുകയായിരുന്നു. കടിയേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അനിമല്‍ സ്ക്വാഡും പ്രദേശത്തെത്തിയിരുന്നു.രണ്ട് ദിവസമായി നായ് പ്രദേശത്ത് അലഞ്ഞ് നടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മുഖത്തുംശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കടിയേറ്റവര്‍ മെഡിക്കല്‍ കോളജില്‍ കഴിയുകയാണ്. ചിലര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.ബസ് കയറാന്‍ പോയ അവിണിശ്ശേരി ബോട്ട്ജെട്ടി ചിറ്റിലപ്പിള്ളി വീട്ടില്‍ ജൂമി (46), അവിണിശ്ശേരി മരോട്ടിക്കല്‍ വിനോദിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ ശാലക്ക് മുന്നില്‍ വാഹനത്തില്‍ ഫര്‍ണിച്ചര്‍ സാധനങ്ങള്‍ കയറ്റുകയായിരുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളായ ഹരി സെന്‍ഭെയ് (27), ലിനുസ് ടെറോം (25), പെരിഞ്ചേരി പാറേക്കാട്ട് ഷാന്റെ മകന്‍ദൈവിക് ഷാ (മൂന്ന്), തന്‍വിക് (നാല്), അവിണിശ്ശേരി തെക്കെപ്പുള്ളി രത്നവല്ലി (54), പാണപ്പറമ്ബില്‍ മുരളി (50), മനക്കൊടി കായ്പാറ രാമചന്ദ്രന്‍ (50), പാലത്തിങ്കല്‍ സുരേഷ് (58), എലവത്തൂര്‍ ശാന്ത (65), അവിണിശ്ശേരി തെക്കേ മേപ്പുള്ളി സുരേഷ് ബാബു (60), അഞ്ചേരി പല്ലശനിക്കാരന്‍ കണ്ണന്‍ (59), മുത്തു രാമര്‍ (20) എന്നിവരാണ് ആക്രമണത്തിനിരയായത്.നാട്ടുകാര്‍ പിടികൂടിയ നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.