ഹൈദരാബാദ്: തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന (40) അന്തരിച്ചു. തെലുങ്കുദേശം പാര്‍ട്ടിയുടെ പദയാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ താരകരത്ന മൂന്നാഴ്ചയായി ബംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മരണം. രംഗറെഡ്ഡി ജില്ലയിലെ മോകിലയിലുള്ള വീട്ടിലേക്കു കൊണ്ടുപോയ മൃതദേഹം ഇന്ന് തെലുങ്ക് ഫിലിം ചേംബറില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. വൈകുന്നേരമാണ് സംസ്കാരം.കഴിഞ്ഞമാസം 27 ന് ടിഡിപി ദേശീയ സെക്രട്ടറി നാരാ ലോകേഷിന്‍റെ നേതൃത്വത്തില്‍ കുപ്പത്ത് നടന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് താരകരത്ന കുഴഞ്ഞുവീണത്. ഉടന്‍ കുപ്പത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കുശേഷം അവിടെനിന്ന് ബംഗളുരുവിലേക്കു കൊണ്ടുവരികയായിരുന്നു. തെലുങ്കു സിനിമയിലെ മുന്‍കാല സൂപ്പര്‍താരവും മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി. രാമറാവുവിന്‍റെ കൊച്ചുമകനും തെലുങ്ക് സൂപ്പര്‍താരം ജൂണിയന്‍ എന്‍ടിആര്‍ അര്‍ധസഹോദരനുമാണ്. 2002 ല്‍ ഒക്ടോ നന്പര്‍ കുര്‍റാഡു എന്ന ചിത്രത്തിലെ നായകനായാണ് സിനിമാപ്രവേശനം. താരക്, ഭദ്രി രാമുഡു, മനമന്ത തുടങ്ങി 29 ചിത്രങ്ങളില്‍വേഷമിട്ടു. 9 അവേഴ്സ് എന്ന വെബ് സീരീസിലും താരകരത്ന മികച്ച വേഷം കൈകാര്യം ചെയ്തു. ഭാര്യയും ഒരു മകളുമുണ്ട്.