ഏഥന്‍സ് : ഈജിയന്‍ കടലില്‍ ഗ്രീക്ക് ദ്വീപായ കാര്‍പത്തോസിന് സമീപം അനധികൃത കുടിയേറ്റക്കാരുമായി പോവുകയായിരുന്ന ബോട്ട് മുങ്ങി 50 പേരെ കാണാനില്ല. ബോട്ടില്‍ 80ഓളം പേരുണ്ടായിരുന്നതായാണ് വിവരം. 29 പേരെ ഇന്നലെ രക്ഷിച്ചെന്ന് ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. രക്ഷപ്പെട്ടവര്‍ അഫ്ഗാന്‍, ഇറാഖ്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് വിവരം. ചൊവ്വാഴ്ച തുര്‍ക്കിയെയില്‍ നിന്ന് ഇറ്റലിയിലേക്ക് തിരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ ഈജിയന്‍ കടലിലുണ്ടായിരുന്ന നാല് കപ്പലുകളും ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് പട്രോളിംഗ് ബോട്ടുകളും ഗ്രീക്ക് എയര്‍ഫോഴ്സും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.