തിരുവനന്തപുരം ചിറയിൻകീഴില്‍ ഒരാഴ്ച മുന്‍പ് വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്.അഴൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം ശിഖാ ഭവനില്‍ നിര്‍മല(75)യുടെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. മകളും ചെറുമകളും ചേര്‍ന്നു കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ നിര്‍മലയുടെ മൂത്തമകള്‍ ശിഖ(55), ശിഖയുടെ മകള്‍ ഉത്തര(34) എന്നിവരെ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 17-നാണ് നിര്‍മലയെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ അയല്‍വാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതില്‍ സംശയംതോന്നിയ ഇവര്‍ വാര്‍ഡംഗത്തെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. വാര്‍ഡംഗമാണ് പോലീസില്‍ അറിയിച്ചത്.
പരിശോധനയില്‍ മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ തുടക്കം മുതല്‍ ദുരൂഹതയുണ്ടായിരുന്നു. ഇതേത്തുടർന്ന് നിര്‍മലയുടെ ഒപ്പം താമസിച്ചിരുന്ന മകളെയും ചെറുമകളെയും പോലീസ് വിശദമായി ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്.