തുവ്വൂരിലെ സുജിതയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികള്‍ക്ക് നേരെ നാട്ടുകാരുടെ മര്‍ദന ശ്രമവുമുണ്ടായി.വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
കൃഷി ഭവന്‍ ജീവനക്കാരി സുജിതയെ അതിക്രൂരമായി കൊന്ന പ്രതികളുമായി പൊലീസ് രാവിലെ 9.15നാണ് എത്തിയത്. കൊലപാതകം നടന്ന തുവ്വൂരിലെ വീട്ടിലേക്കാണ് ഇവരെ ആദ്യം കൊണ്ടുവന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മുഖ്യപ്രതി വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഹാന്‍ എന്നിവരെയാണ് വീട്ടിലെത്തിച്ചത്. സുജിതയെ എങ്ങനെയാണ് കൊന്നതെന്നും തെളിവ് നശിപ്പിക്കാന്‍ എന്തെല്ലാം ചെയ്‌തെന്നും പ്രതികള്‍ പൊലീസിനോട് വിവരിച്ചു.വിഷ്ണുവിന്റെ മുറിയില്‍ വച്ച് പകല്‍ സുജിതയുടെ കഴുത്തില്‍ കയര്‍ മുറുക്കികൊന്നു. രാത്രി വരെ മൃതദേഹം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു. പിന്നീട്, പട്ടിക്കൂടിന് സമീപത്തെ മാലിന്യ കുഴി വലുതാക്കി മൃതദേഹം അതിലിട്ട് മണ്ണിട്ട് മൂടി. കല്ലുകള്‍ നിരത്തിയാണ് കുഴി മറച്ചുവെച്ചത്. മൃതദേഹം സൂക്ഷിച്ച പായയും മണ്‍വെട്ടിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സമീപത്ത് നിന്ന് പോലീസ് കണ്ടെത്തി.