മുണ്ടക്കയം: കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വീട്ടില്‍ ആക്രമണം നടത്തിയ സഹോദരനായി പൊലീസ് തെരച്ചില്‍ തുടരുന്നു.വരിക്കാനിക്ക് സമീപം മൈക്കോളജിയില്‍ തോട്ടക്കര പരേതനായ രാജപ്പന്റെ മകൻ രഞ്ജിത്(29) മരിച്ച സംഭവത്തില്‍, ഇയാളുടെ മൂത്ത സഹോദരൻ അജിത്തിനായി(32) വ്യാഴാഴ്ച രാത്രി മുതല്‍ മുണ്ടക്കയം പൊലീസ് തെരച്ചില്‍ നടത്തുകയാണ്.വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെ കുടുംബവീട്ടില്‍ വച്ചാണ് രഞ്ജിത് മരിച്ചത്. മദ്യപിച്ച് അക്രമാസക്തനായ അജിത് പിടിച്ചു തള്ളിയപ്പോള്‍ താഴെ വീണ രഞ്ജിത് മരണപ്പെടുകയായിരുന്നു. പിതാവിന്റെ മരണശേഷം അമ്മയ്‌ക്കൊപ്പമാണ് രണ്ട് സഹോദരന്മാരും താമസിച്ചിരുന്നത്.
സ്ഥിരമായി മദ്യപാനിയായ അജിത്ത് വീട്ടിലെത്തി അമ്മയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ അജിത്ത് അമ്മയോട് കയര്‍ത്തിരുന്നു.ഇതില്‍ ഇടപ്പെട്ട രഞ്ജിത്തിനെ അജിത്ത് പിടിച്ച് തള്ളി. ഇതോടെ താഴേക്ക് വീണ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ തന്നെ മാതാവ് ഉഷയും നാട്ടുകാരും ചേര്‍ന്ന് പാറത്തോട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.