തൊടുപുഴ: കെ.എസ്.ആര്‍.ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ തൊടുപുഴ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.തൊടുപുഴ കോ-ഓപ്പറേറ്റീവ് കോളജിലെ ബി.കോം വിദ്യാര്‍ഥി അഭിജിത്തിനെയാണ് പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായത്. അഭിജിത്തിന് അടിയന്തര ചികില്‍സ ലഭിച്ചതിനാല്‍ അപകട നില തരണം ചെയ്തു. ഇന്നലെ വൈകുന്നേരം തൊടുപുഴ കുമാരമംഗലം റൂട്ടില്‍ കണ്‍ട്രോള്‍ റൂം എസ്.ഐ എം.ഡി.രാജന്‍, സി.പി.ഒ തോമസ് ചാക്കോ, ഡ്രൈവര്‍ ടി.എം.സുനില്‍ എന്നിവര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ്. സംഭവം. തൊടുപുഴയില്‍ നിന്നും അടിമാലിയിലേക്ക് പോയ കെ.എസ്.ആര്‍.ടിസി ബസ്പൊലീസ് വാഹനത്തിനു മുന്നില്‍ നിര്‍ത്തി യാത്രക്കാരന് നെഞ്ചു വേദനയാണെന്നും ആശുപത്രിയിലെത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ അഭിജിത്തിനെ പൊലീസ് വാഹനത്തില്‍ കയറ്റി വേഗത്തില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ അഭിജിത്തിന് അടിയന്തര ചികില്‍സ ഉറപ്പാക്കിയാണ് പൊലീസ് മടങ്ങിയത്.