കോട്ടയം: പുതുപ്പള്ളിയില്‍ ലോട്ടറി വില്‍പ്പനക്കാരനായ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ പുതുപ്പള്ളി വാഴക്കുളം അന്പലത്തിനു സമീപം താമസിക്കുന്ന പണ്ടാരക്കുന്നേല്‍ വീട്ടില്‍ പി.കെ.കുരുവിളയെ (67) പോലീസ് അറസ്റ്റു ചെയ്തു.പുതുപ്പള്ളി സ്വദേശി ചന്ദ്രന്‍ (71) ആണ് മരിച്ചത്. ഇയാള്‍ പുതുപ്പള്ളി കവലയില്‍ ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു. കുരുവിളയും ചന്ദ്രനും തമ്മിലുണ്ടായ കൈയാങ്കളിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചന്ദ്രനെ കുരുവിള റോഡിലേക്ക് തള്ളിയിടുകയും ഈ സമയം ഇതുവഴി വന്ന വാഹനം ഇടിച്ച് ചന്ദ്രന് പരിക്കേല്‍ക്കുകയുമായിരുന്നു. തലയടിച്ചുവീണ ചന്ദ്രനെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചന്ദ്രനെ രക്ഷിക്കാനായില്ല. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.