ഉദിയന്‍കുളങ്ങര: ട്രെയിന്‍ തട്ടിയ വൃദ്ധയെ ചുമലിലേറ്റി ജീവന്‍ രക്ഷിക്കാനായി അര കിലോമീറ്ററോളം ഓടിയ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം.വൃദ്ധയുടെ ശരീരത്തില്‍ ജീവന്റെ തുടിപ്പുള്ളതായി കണ്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തുന്നതുവരെ കാത്തുനില്‍ക്കാതെ, പൊലീസ് ജീപ്പ് കിടന്ന അര കിലോമീറ്ററോളമാണ് വൃദ്ധയെ ചുമലിലേറ്റി പാറശാല റെയില്‍വേ സി.പി.ഒ വൈശാഖ് ഓടിയത്. വൃദ്ധയെ പാറശാല ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരോട് അയിര ചൂരക്കുഴി കിഴക്കേക്കര വീട്ടില്‍ കുഞ്ഞി (80)യാണ് ട്രെയിന്‍ തട്ടിമരിച്ചത്.തിങ്കളാഴ്‌ച വൈകിട്ട് മൂന്നരയ്‌ക്കുള്ള കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിന്‍ പാറശാല റെയില്‍വേ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ ഇടിച്ചിട്ട വിവരം ലോക്കോ പൈലറ്റ് പാറശാല സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കിയിരുന്നു.വിവരമറിഞ്ഞ് സി.പി.ഒമാരായ വൈശാഖും അനുരാഗും സംഭവസ്ഥലം തെരഞ്ഞ് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചെങ്കിലും സ്ഥലം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. തിരികെ നടക്കുമ്പോൾ പാറശാല ലോക്കല്‍ പൊലീസിന് കിട്ടിയ വിവരമനുസരിച്ച് അപകടസ്ഥലം തിരിച്ചറിഞ്ഞു. നടപ്പാതയില്‍ നിന്നു ഏറെ അകലെയാണ് ട്രെയിന്‍ തട്ടിയ വൃദ്ധയെ കണ്ടെത്താനായത്. ഇവിടേക്ക് ആംബുലന്‍സോ പൊലീസ് വാഹനമോ എത്തുമായിരുന്നില്ല. അതോടെ, വൃദ്ധയെ ചുമലിലേറ്റി ഓടുകയായിരുന്നു വൈശാഖ്.