മലവെള്ളപ്പാച്ചിലിൽ പുഴ ഗതിമാറിയൊഴുകി, ചൂരൽമല ദുരന്തഭൂമിയായി

അർധരാത്രിയിൽ പുഴ ഗതിമാറിയൊഴുകുമെന്നോ അതിൽ തങ്ങളുടെ ജീവനും ജീവിതവും ഇല്ലാതെയാകുമെന്നോ അറിയാതെ ശാന്തമായി ഉറങ്ങിയതാണ് ചൂരൽമല. പിന്നാലെ മഴ കനത്തപ്പോഴും വീടിനു പുറത്ത് സംഭവിക്കുന്നതെന്താണെന്ന് അവിടുത്തെ ജനങ്ങൾക്ക് മനസിലായില്ല. ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴേക്കും പലരും കഴുത്തറ്റം ചെളിയിൽ പുതഞ്ഞിരുന്നു. ചൂരൽമല സ്കൂളിനോട് ചേർന്നാണ് പുഴ ഒഴുകുന്നത്. കനത്തമഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ പുഴ ഗതിമാറിയൊഴുകിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

പുലർച്ചെ രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് പലരും അറിഞ്ഞുതുടങ്ങിയത്. ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്നൊന്നും അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ചുറ്റും മണ്ണും ചെളിയും മാത്രമായിരുന്നു. ചൂരൽമല അങ്ങാടി പൂർണമായും ഇല്ലാതായി. സാധാരണക്കാരും തോട്ടം തോഴിലാളികളുമാണ് ചൂരൽമലയിലെ താമസക്കാർ. ഹാരിസൺസ് തേയില എസ്റ്റേറ്റ് കമ്പനിയുടെ സ്ഥലമാണ് ചൂരൽമലയിലെ ഏറിയപങ്കും. എത്രപേർ ദുരന്തത്തിൽ അകപ്പെട്ടെന്നോ എത്രപേരെ കാണാതായന്നോ ഒന്നും ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ല.

അതേസമയം, മുണ്ടക്കൈയിൽ എന്താണ് സംഭവിച്ചതെന്നുള്ള കൃത്യമായ വിവരം ഇനിയും അറിയില്ല. മുണ്ടക്കൈയിലേക്ക് പോകുന്നത് ചൂരൽമല വഴിയാണ്. ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല. അവിടെയും ഉരുൾപൊട്ടൽ ഉണ്ടായി എന്നു മാത്രമേ നിലവിൽ വിവരമുള്ളു. മുണ്ടക്കൈയിലേക്കെത്താൻ ദൗത്യസേന ശ്രമിക്കുന്നുണ്ട്. അവർ അവിടെ എത്തിയാൽ മാത്രമേ വിവരങ്ങളറിയാൻ സാധിക്കൂ. ചെമ്പ്ര, വെള്ളരി മലകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴയുടെ തീരത്താണ് ചൂരൽമലയും മുണ്ടക്കൈയും ഉള്ളത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − 18 =