മൂവാറ്റുപുഴ: ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന സ്കൂള്‍ മുറിയില്‍ മോഷണം. ആനിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശനിയാഴ്ച രാത്രി 10നും 11നും ഇടയിലാണു മോഷണം നടന്നതെന്നു പോലീസ് പറഞ്ഞു.മേശയില്‍ സൂക്ഷിച്ചിരുന്ന ചെറിയ തുക നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റു മോഷണശ്രമങ്ങള്‍ നടന്നെങ്കിലും ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാരയ്ക്കു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. പോലീസും അധ്യാപകരും ചേര്‍ന്നുനടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പറുകള്‍ സീല്‍ ചെയ്ത നിലയില്‍ത്തന്നെയാണു കണ്ടെത്തിയത്. കല്ലുകള്‍കൊണ്ടു വാതില്‍ തകര്‍ത്താണു മോഷ്ടാവ് ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിക്കുള്ളില്‍ കടന്നത്. മുറിയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരത്തുനിന്നുള്ളഎക്സാമിനേഷന്‍ ജോയിന്‍റ് ഡയറക്ടര്‍ സ്ഥലത്തെത്തി സീലിംഗിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്തി.