തിരുവനന്തപുരം: മൂന്നു ദിവസം കേരളത്തില്‍ മിക്കയിടത്തും ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്.ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു ദിശയില്‍ ഒഡീഷ – ബംഗാള്‍ തീരത്തേക്ക് സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി ഇന്ന് രാത്രിയോടെ ഒഡീഷയിലെ പുരിക്കും ബംഗാളിലെ ദിഗക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചേക്കും. തുടര്‍ന്ന് ഒഡീഷ, ബംഗാള്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.