വയനാട്: പടമലയില്‍ കടുവ ഇറങ്ങി. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ അലറിക്കൊണ്ട് പിന്നാലെ വന്നെന്ന് പ്രദേശവാസിയായ ലിസി ജോസഫ് പറഞ്ഞു.അലര്‍ച്ച കേട്ടപ്പോള്‍ ആനയെന്ന് കരുതിയാണ് താന്‍ തിരിഞ്ഞോടിയതെന്നും ഇതോടെ കടുവ പിന്നാലെ പാഞ്ഞടുത്തെന്നും ലിസി പറഞ്ഞു. അടുത്ത വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കടുവ തന്നെ കടന്ന് മുന്നോട്ട് പോയെന്നും ഇവര്‍ പ്രതികരിച്ചു. ഒരു വന്യജീവി വേഗത്തില്‍ റോഡ് മുറിച്ച് കടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് കടുവ ആണോ എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാട്ടാന കര്‍ഷകനെ ആക്രമിച്ച പ്രദേശത്താണ് കടുവയെ കണ്ടത്.
ഒരാളുടെ ജീവനെടുത്ത കാട്ടാനയെ പിടികൂടാന്‍ ഇതുവരെ വനംവകുപ്പിന് കഴിഞ്ഞില്ലെന്നിരിക്കെ കടുവ ഇറങ്ങിയെന്ന വാര്‍ത്ത കൂടി പരന്നതോടെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.