ദുബൈ: ഏഷ്യൻ രാജ്യത്തുനിന്ന് എയര്‍ കാര്‍ഗോ വഴി ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ ദുബൈ കസ്റ്റംസ് പിടികൂടി. 62 ലക്ഷം ദിര്‍ഹം വിലവരുന്ന ഗുളികകളാണ് പിടികൂടിയത്. രണ്ട് കാര്‍ഗോകളിലായി മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. സംശയത്തെ തുടര്‍ന്ന് ദുബൈ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ആദ്യ കാര്‍ഗോയില്‍ 20 പാര്‍സലുകളിലായി 460 കിലോയുടെ നിരോധിത ഗുളികകള്‍ കണ്ടെത്തിയത്. ഇതിന് 10 ലക്ഷം ദിര്‍ഹം വിലവരും. പിന്നാലെയെത്തിയ രണ്ടാമത്തെ കാര്‍ഗോയില്‍ 22 പാര്‍സലുകളിലായി 520 കിലോ 1,75,300 ട്രമാഡോള്‍ ഗുളികകളും കണ്ടെത്തുകയായിരുന്നു. ഇതിന് 52,50,000 ദിര്‍ഹം വിലവരുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.പാര്‍സല്‍ ഉടമകളെയും പിടിച്ചെടുത്ത ഗുളികകളും നിയമനടപടികള്‍ക്കായി ദുബൈ പൊലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ദുബൈയില്‍ മയക്കുമരുന്ന് ഗുളികകള്‍ പിടികൂടുന്നത്.