ഹഫൂഫ് : ഖത്തറില്‍നിന്ന് ബഹ്റൈനിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാൻ പുറപ്പെട്ട രണ്ട് മലയാളി യുവാക്കള്‍, സൗദിയില്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ടു. മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയില്‍നിന്ന് ബഹ്റൈനിലേക്ക് പെരുന്നാള്‍ അവധി ആഘോഷിക്കാനായി യാത്ര പുറപ്പെട്ടത്. അബു സംറ അതിര്‍ത്തി കടന്നതിനു പിന്നാലെ, സൗദി ഹഫൂഫില്‍ എത്തുന്നതിനും മുമ്പായിരുന്നു ഇവര്‍ സഞ്ചരിച്ച ലാൻഡ് ക്രൂയിസര്‍ റോഡിലെ മണല്‍ തിട്ടയില്‍ തട്ടി അപകടത്തില്‍പ്പെട്ടത്. ഒരാള്‍ സംഭവ സ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരണപെട്ടത്. കൂടെ ഉണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.