പഴയങ്ങാടി: കണ്ണൂര്‍, കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഇരിണാവ് യോഗശാല സി.ആര്‍.സി റോഡില്‍ മുക്കോത്ത് പരേതനായ ഉമ്മര്‍ – മറിയം ദമ്പതികളുടെ മകന്‍ നൗഫല്‍ (37), പാപ്പിനിശ്ശേരി വെസ്റ്റില്‍ പരേതനായ പടപ്പില്‍ അബ്ദുള്ളകുട്ടി – ആയിഷ ദമ്പതികളുടെ മകന്‍ കെ.ടി.അബ്ദുസമദ് (72) എന്നിവരാണ് മരിച്ചത്. വളപട്ടണം സ്വദേശി നൗഷാദ് (54), കണ്ണപുരം സ്വദേശി പവിത്രന്‍ (73) എന്നിവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പിലാത്തറ – പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ കണ്ണപുരം പാലത്തിന് സമീപം ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് കോഴിക്കോട് മുക്കത്തേക്ക് വന്ന പിക്കപ്പ് വാന്‍ കണ്ണപുരം പാലം ഇറക്കത്തിലുള്ള വളവില്‍ തട്ടുകടയ്ക്ക് സമീപം സംസാരിച്ചിരുന്ന ടാക്സി ഡ്രൈവറായ നൗഫലിനെയും അബ്ദു സമദിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ തട്ടുകട തകര്‍ത്തശേഷം പോസ്റ്റിലിടിച്ചു നിന്നു. നൗഫല്‍ സമീപത്തെ കടയുടെ ഷട്ടറിലേക്കാണ് തെറിച്ചു വീണത്. സ്കൂട്ടറിലിരുന്ന അബ്ദുസമദിനെ നാലുമീറ്ററോളം പിക്കപ്പ് വാന്‍ വലിച്ചുകൊണ്ടു പോയി. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു.