പന്തീരാങ്കാവ്: ലോറിയില്‍ ബംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്ന 400 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.കൊണ്ടോട്ടി പുളിക്കല്‍ പാലച്ചിങ്ങല്‍ നൗഫല്‍ (32), ഫറോക്ക് നല്ലൂര്‍ പുത്തൂര്‍കാട് സ്വദേശി ജംഷീദ് (31) എന്നിവരെയാണ് കോഴിക്കോട് ആന്റി നര്‍ക്കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് ഷാഡോ ടീമും സബ് ഇൻസ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് ലോറിയില്‍ ടൈല്‍സ് കൊണ്ടുവരുന്നത് മറയാക്കി എം.ഡി.എം.എ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 400 ഗ്രാം ലഹരിമരുന്നുമായി ഇരുവരും ബുധനാഴ്ച ദേശീയപാതയില്‍ പാലാഴിക്കുസമീപം പിടിയിലാവുന്നത്.