തിരുവനന്തപുരം : തെക്കൻ തിരുവിതാംകൂറിലെ മതേതരത്വത്തിനു പ്രശസ്തിയർജിച്ചതും പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നുമായ ബീമാപ്പള്ളി ദർഗ്ഗാ ഷെരീഫിലെ ഈ വർഷത്തെ ഉറൂസ് മഹാമഹം ഡിസംബർ 3ന് തുടങ്ങി 13ന് അതിരാവിലെ അവസാനിക്കുന്നു. 3ന് രാവിലെ 11മണിക്ക് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം. പി. അസീസ്, വൈസ് പ്രസിഡന്റ് എം. കെ. ബാദുഷ പതാക ഉയർത്തുന്നതോട് കൂടി 10 ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിക്കും.
10ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് പരിപാടികളിൽ ഉറൂസിന്റെ ആറാം ദിവസമായ 8 ഞായറാഴ്ച വൈകുന്നേരം 6.30 ന് രാഷ്ട്രീയ പ്രമുഖർ, മന്ത്രിമാർ, സാംസ്‌കാരിക നേതാക്കൾ, മത മേൽ അധ്യക്ഷന്മാർ എന്നിവർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും, ഏഴാം ദിവസമായ 9 തിങ്കളാഴ്ച വൈകുന്നേരം 6.30 ന് പ്രാദേശ വാസികളായ പ്രതിഭകളെ ആദരിക്കലും, മറ്റു പത്തു ദിവസങ്ങളിലും കേരളത്തിലെ അറിയപ്പെടുന്ന മതപണ്ഡിതന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. ഉറൂസിന്റെ അവസാന ദിവസം ലോകത്തിന്റെ സമാധാനത്തിനും, സർവ്വമത ഐശ്വര്യത്തിനും വേണ്ടി സെയ്യദ് അബ്‌ദുറഹ്‌മാൻ മുത്തുക്കോയ തങ്ങൾ പ്രാർത്ഥനക്കു നേതൃത്വം നൽകും. 13 ന് വെള്ളിയാഴ്ച രാവിലെ 6മണിക്ക് അന്നദാന വിതരണത്തോട് കൂടി ഈ വർഷത്തെ ഉറൂസിന് സമാപനമാകും. ബീമാപ്പള്ളി ജമാ അത്ത് പ്രസിഡന്റ് എം. പി. അസീസ്, വൈസ് പ്രസിഡന്റ് എം. കെ ബാദുഷ, ജനറൽ സെക്രട്ടറി ബാദുഷ സൈനി, മറ്റു ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.