ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ചിന്നക്കനാല്‍ ടാങ്ക് കുടി നിവാസി കണ്ണൻ ആണ് മരിച്ചത്.വണ്ണാത്തിപ്പാറയിലെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ആയിരുന്നു ആക്രമണം. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.
രാവിലെ മുതല്‍ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ കണ്ണൻ ആനക്കൂട്ടത്തിന്റെ ഇടയില്‍ പെടുകയായിരുന്നു. ഒൻപത് പിടിയാനകള്‍ അടങ്ങുന്ന ആനക്കൂട്ടമാണ് കണ്ണനെ ആക്രമിച്ചത്. രാവിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരുത്താൻ പ്രദേശത്തെ ആദിവാസി കുടികളില്‍ നിന്നും മറ്റുമായി അൻപതോളം ആളുകള്‍ സംഘടിച്ചിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തി ആനക്കൂട്ടത്തെ തുരത്താനായിരുന്നു ശ്രമം. ഇതിനിടയിലാണ് കണ്ണൻ കാട്ടാനക്കൂട്ടത്തിന് നടുവില്‍പ്പെടുന്നത്.