ശബരിമലയിലെ ഉണ്ണിയപ്പത്തിനുള്ള ടെൻഡർ നേടിയയാൾക്ക് നേരെ ജാതി അധിക്ഷേപമെന്ന് പരാതി. തിരുവനന്തപുരം പള്ളിച്ചാൽ സ്വദേശി സുബി നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശികളായ ജഗദീഷ്, രമേശ് എന്നിവർക്കെതിരെയാണ് കേസ്.ദളിതനായ ഒരാൾക്ക് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം നടത്തിയത്.
ലേലത്തിൽ പങ്കെടുത്തവരാണ് സുബിയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്. ടെൻഡർ നേടിയ ശേഷം ദേവസ്വം ബോർഡ് ഓഫീസിന്റെ പാർക്കിംഗിൽ നിൽക്കുമ്പോൾ പ്രതികൾ തന്റെ അടുത്തേക്ക് വരികയും പുലയാ എന്നു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് സുബിയുടെ പരാതി. പരാതിയിൽ ഇതുവരെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നാണ് പൊലീസ് പറയുന്നത്.
ഇത് ഹിന്ദുക്കളുടെ ക്ഷേത്രമാണ് പുലയന്മാരുടേതല്ല, എന്തിനാണ് ശബരിമല ക്ഷേത്രത്തിന്റെ ടെൻഡറിൽ പങ്കെടുത്തതെന്ന് ചോദിച്ചായിരുന്നു ജാതിയധിക്ഷേപം. ഇനി ക്ഷേത്ര കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാൻ തന്നെ അനുവദിക്കില്ലെന്ന് ഇവർ ഭീക്ഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു