അബൂദബി: അബൂദബി ഖാലിദിയയിലെ റസ്റ്ററന്‍റ് കെട്ടിടത്തിലെ പാചക വാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും.ആലപ്പുഴ സ്വദേശി ശ്രീകുമാറാണ് മരിച്ചതെന്നാണ് നാട്ടില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍, മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. 120 പേര്‍ക്ക് പരിക്കേറ്റു.മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയര്‍ റെസ്‌റ്ററന്‍റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ പാചകവാതക സംഭരണിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ആദ്യം നേരിയ തോതില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ തന്നെ സിവില്‍ ഡിഫന്‍സും അബൂദബി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മിനിറ്റുകള്‍ക്കു ശേഷം തുടര്‍ പൊട്ടിത്തെറികള്‍ സംഭവിച്ചാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത്.പരിക്കേറ്റവരില്‍ റസ്റ്റാറന്‍റിലെ എട്ട് ജീവനക്കാരുണ്ടെന്നും സാരമായി പരിക്കേറ്റ മൂന്നുപേര്‍ അപകട നില തരണം ചെയ്തതായും റസ്‌റ്ററന്‍റ് സഹ ഉടമ ബഷീര്‍ അതിരിങ്കല്‍ പറഞ്ഞു. അപകട സമയത്ത് 10 ജീവനക്കാര്‍ ജോലിയിലുണ്ടായിരുന്നു. റസ്റ്ററന്‍റിലെ പാചകവാതക സംവിധാനം അതീവ സുരക്ഷയോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. പാചകവാതകം ചോര്‍ന്നാല്‍ റസ്റ്ററന്‍റിനുള്ളിലെ ഈ സംവിധാനം യാന്ത്രികമായി ഓഫാകും. എന്നാല്‍, പാചകവാതക ലൈന്‍ കടന്നുപോവുന്നത് ആളുകള്‍ കഴിക്കാനിരിക്കുന്ന ഹാളിനു സമീപത്തു കൂടെയാണ്. ഇതിന് അടുത്തുള്ള പാചക വാതക സംഭരണിയിലെ പൊട്ടിത്തെറിയാണ് കെട്ടിടത്തെയാകെ ബാധിച്ചത്. റസ്റ്ററന്‍റിലാണ് ആദ്യം തീപ്പിടുത്തമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റസ്റ്ററന്‍റ് മലബാര്‍ വിഭവങ്ങള്‍ വിളമ്പി ജനപ്രീതിയാര്‍ജിച്ചതാണ്. സംഭവസമയം 40 പേരാണ് ഭക്ഷണം കഴിക്കാന്‍ റസ്റ്ററന്‍റിലുണ്ടായിരുന്നത്. തിരക്കേറിയ ഖാലിദിയ മാള്‍, ഷൈനിങ് ടവര്‍ എന്നിവയ്ക്കു സമീപമുള്ള കെട്ടിടത്തിലാണ് റസ്റ്ററന്‍റ് സ്ഥിതി ചെയ്യുന്നത്. അപകടത്തെ തുടര്‍ന്ന് ആറ് കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. നിസാര പരിക്കേറ്റവരെ തിങ്കളാഴ്ച വൈകീട്ടോടെ സുരക്ഷിതമായ താമസ സ്ഥലങ്ങളിലേക്ക് അധികൃതര്‍ തന്നെ മാറ്റുകയും ചെയ്തിരുന്നു.