തിരുവനന്തപുരം: കോവളം വെള്ളാറില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ പ്രേരണ കുറ്റത്തിന് ഭര്‍ത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകള്‍ വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. വീട്ടമ്മയെ ഭര്‍ത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് അനില്‍ (48) മകന്‍ അഭിജിത്ത് (20) എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വര്‍ഷമായി വെള്ളാറില്‍ വാടകക്ക് താമസിക്കുകയാണ്. ഭര്‍ത്താവിന്റെയും മകന്റെയും ഉപദ്രവത്തെക്കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീര്‍പ്പാക്കിയതാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12.30 ഓടെ വീട്ടിനുള്ളില്‍ സാരിയില്‍ തൂങ്ങിനിന്ന വീട്ടമ്മയെ ഭര്‍ത്താവും മകനും കൂടി അമ്ബലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലെത്തെത്തിയ വീട്ടമ്മയുടെ സഹോദരന്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭര്‍ത്താവിനെയും മകനെയും അറസ്റ്റ് ചെയ്തത്.