കാസര്‍കോട് : ചെറുവത്തൂരില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ലയാണെന്ന കണ്ടെത്തലിന് പിന്നാലെ കാസര്‍കോട് ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്.നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പ് എടുക്കുന്നുണ്ട്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി 51 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ നിരീക്ഷണത്തിലാണ്.
പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു. ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാനും തീരുമാനമുണ്ട്.
ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.