ദുബായ്: ജനറേറ്റര്‍ പുറന്തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചു യുവതിക്കും വളര്‍ത്തുനായയ്ക്കും ദാരുണ മരണം.ദുബായിലെ വില്ലയിലാണ് യുവതിയേയും നായയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വില്ലയില്‍ ഉണ്ടായിരുന്ന യുവതിയുടെ കൂട്ടുകാരിയെ അവശനിലയിലും കണ്ടെത്തി. അല്‍ ബര്‍ഷയിലെ വലിയ വില്ലയോടു ചേര്‍ന്ന മുറിയിലാണു സംഭവം. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ആദ്യം കരുതിയത്.
പിന്നീടാണ് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന ‘നിശബ്ദ കൊലയാളിയാണ്’ യുവതിയുടെയും നായയുടെയും ജീവന്‍ എടുത്തതെന്ന് ദുബായ് പൊലീസ് തിരിച്ചറിഞ്ഞത്. യുവതിയെയും അവരുടെ നായയെയും മരിച്ച നിലയിലും ഫിലിപ്പിനോ സുഹൃത്തിനെ അവശനിലയിലും കണ്ടെത്തിയതായി അല്‍ ബര്‍ഷ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. ഏഷ്യക്കാരന്‍ വാടകയ്ക്ക് എടുത്ത് ഒട്ടേറെ കുടുംബങ്ങള്‍ക്കു ഭാഗിച്ചു നല്‍കിയ വില്ലയിലെ മുറിയിലായിരുന്നു യുവതിയും കൂട്ടുകാരിയും താമസിച്ചിരുന്നത്. ഇവരെ കൂടാതെ മറ്റു ചില കുടുംബങ്ങളും അടുത്തടുത്തായി വാടകയ്ക്കു താമസിച്ചിരുന്നുവെന്നു ക്രൈം സീന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ അഹമ്മദ് സല്‍മാന്‍ പറഞ്ഞു. മരിച്ച യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.മരണം സംഭവിക്കുന്നതിനു തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്നു വിഷബാധയേറ്റതായി സംശയിക്കുന്നുവെന്നാണു രക്ഷപ്പെട്ട ഫിലിപ്പീന്‍സ് കൂട്ടുകാരി ആദ്യം പൊലീസിനോട് പറഞ്ഞത്. നായയ്ക്കും ഇതേ ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍, മരണകാരണം ഇതല്ല, കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് എന്നാണു പിന്നീടു പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രധാന വാടകക്കാരന്‍ ഉപയോഗിച്ചിരുന്ന മൂടിവച്ച ഇലക്‌ട്രിക് ജനറേറ്റര്‍ പൊലീസ് കണ്ടെത്തി.