സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ ഫീസിനത്തില്‍ പണപ്പിരിവ് നടത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ ഫീസിനത്തില്‍ പണപ്പിരിവ് നടത്തരുതെന്ന് സുപ്രീംകോടതി.തലവരിപ്പണം ഈടാക്കുന്നത് കര്‍ശനമായി തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ഭൂഷണ്‍ ആര്‍ ഗവായ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. 2004–-2005, 2005–-2006, 2006–-2007 അക്കാദമിക് വര്‍ഷങ്ങളില്‍ എംബിബിഎസ് കോഴ്സിന് ഫീസ് നിര്‍ണയ കമ്മിറ്റികള്‍ നിശ്ചയിച്ച ഫീസുകള്‍ക്കെതിരായ പ്രത്യേകാനുകൂല ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. ഫീസ് നിര്‍ണയസമിതി നിശ്ചയിക്കുന്ന ഫീസിനു പുറമേ പല മാനേജ്മെന്റും വിദ്യാര്‍ഥികളില്‍നിന്ന് ഫീസിനത്തില്‍ അമിത തുക ഈടാക്കുന്നെന്ന പരാതി ശക്തമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ നിയമസഹായങ്ങള്‍ നല്‍കുന്നതിന് അമിക്കസ്ക്യൂറിയായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ റിപ്പോര്‍ട്ടുകൂടി പരിശോധിച്ചശേഷം സുപ്രീംകോടതി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. ഫീസ് വിഷയത്തില്‍ മാനേജ്മെന്റുകള്‍ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയുടെ ആഭിമുഖ്യത്തില്‍ വെബ്പോര്‍ട്ടല്‍ തുടങ്ങണം. ഐടി മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും പോര്‍ട്ടല്‍ നിയന്ത്രിക്കണം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ പോര്‍ട്ടലിനെക്കുറിച്ച്‌ പരസ്യപ്പെടുത്തണം. പ്രവേശനത്തിന് അവസാന തീയതിയുടെ രണ്ടാഴ്ച മുമ്പെങ്കിലും സ്ട്രേ വേക്കന്‍സിയടക്കം എല്ലാ റൗണ്ടിലും കൗണ്‍സലിങ് പൂര്‍ത്തിയാക്കണം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen − 4 =