ന്യൂഡൽഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച ഗുജറാത്ത് മുൻ പിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി ഓഫീസിൽ അനുയായികൾക്കൊപ്പം എത്തിയാണ് ഹാർദിക് പാർട്ടി അംഗത്വമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഒരു ചെറിയ സൈനികനായി തന്റെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് ഹാർദിക് പിന്നീട് ട്വീറ്റ് ചെയ്തു.ഒരു പദവിക്ക് വേണ്ടിയും ആരുടെയും മുന്നിൽ ആവശ്യമുന്നയിച്ചിട്ടില്ല. പ്രവർത്തിക്കാനാണ് ബിജെപിയിൽ ചേരുന്നത്. കോൺഗ്രസ് പാർട്ടിക്ക് ഒരു തരത്തിലുള്ള പ്രവർത്തനവും ചെയ്യാൻ താത്പര്യമില്ലെന്ന് വിശ്വസിക്കുന്നു. മറ്റ് പാർട്ടികളുടെ നേതാക്കളോട് ബിജെപിയിൽ വന്നുചേരാൻ ആവശ്യപ്പെടുകയാണ്. പ്രധാനമന്ത്രി മോദി ലോകത്തിന്റെ മുഴുവൻ അഭിമാനമാണെന്നും ഹാർദിക് ട്വീറ്റ് ചെയ്തു.