തൃശൂര്‍: ചാലക്കുടി വെള്ളാഞ്ചിറ-ഷോളയാര്‍ മേഖലയില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം. ശനിയാഴ്ച ഉച്ചയോടെയാണ് പുലിയുടേതന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.എന്നാല്‍ ഇവയ്ക്ക് നായ വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളുടെ കാല്‍പ്പാടുമായി സാമ്യമുണ്ട്. എന്നിരുന്നാലും വലിയ കാല്‍പ്പാടുകളാണെന്നത് ആശയങ്കയുയര്‍ത്തുന്നു. കാല്‍പ്പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.
സമീപത്തെ വീട്ടിലെ സിസിടിവിയില്‍ നിന്ന് പുലിയോട് സാമ്യമുള്ള മൃഗം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. നായയുടേതിന് സമാനമായതെന്ന് കാല്‍പ്പാടുകള്‍ സംശയിക്കുന്നുണ്ടെങ്കിലും പാടുകളിലെ വലിപ്പ വ്യത്യാസമാണ് പുലിയാണെന്ന അഭ്യൂഹത്തിന് വേഗം കൂട്ടുന്നത്. സിസിടിവിയില്‍ ലഭിച്ച ദൃശ്യത്തില്‍ പുലിയോട് സാമ്യമുള്ള മൃഗമാണ്. എന്നാല്‍ ദൃശ്യം വ്യക്തമല്ലാത്തതിനാല്‍ ഇതിനും സ്ഥിരീകരണമില്ല. ഇതിനിടെ പ്രദേശത്ത് പുലിയിറങ്ങിയതായി പലയിടത്തു നിന്നുമായി ആളുകള്‍ വിളിച്ച് പറയുന്നതായും നാട്ടുകാര്‍ പറയുന്നു.കൊന്നക്കുഴി ഡെപ്യൂട്ടി റേഞ്ചര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി കാല്‍പ്പാടുകളും പ്രദേശവും പരിശോധിച്ചു. കാല്‍പ്പാടുകളുടെ സാമ്ബിള്‍ ശേഖരിച്ച വനംവകുപ്പ് ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് പറഞ്ഞു. അനാവശ്യമായി ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തരുതെന്നും അതേസമയം ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. അതേസമയം, ഒരു പുലിയെ പിടിച്ചുവെന്നും രണ്ടാമത്തെ പുലിക്കായി തെരച്ചില്‍ തുടരുകയാണെന്നുമെല്ലാം വ്യാജ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീയുടെ ശബ്ദത്തിലുളള സന്ദേശത്തില്‍ പുലി ഇറങ്ങിയതിനെ തുടര്‍ന്ന് മദ്രസ വിട്ടുവെന്നും ജാഗ്രത പാലിക്കണം എന്നുമാണ് പറയുന്നത്. പുലിയാണോയെന്ന് ഉറപ്പിക്കാതെ വ്യാപകമായി ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് ആളുകളില്‍ അനാവശ്യ ഭീതി പരത്തി.