ഇടുക്കി: ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാടിന് സമീപം റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അപകടമരണമെന്ന് പ്രാഥമിക നിഗമനം.വാളാഡി സ്വദേശി രമേശാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന രമേശ് വാഹനത്തില്‍ നിന്നും തെറിച്ചു വീണതോ ചാടിയതോ ആകാമെന്ന് വണ്ടിപ്പെരിയാര്‍ പോലീസ്. പുലര്‍ച്ചെ നാല് മണിയോടെയാണ് വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റൂട്ടില്‍ ഇഞ്ചിക്കാടിന് സമീപം രമേശിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പുലര്‍ച്ചെ ഇതുവഴി എത്തിയ പാല്‍ വാഹനത്തിലെ ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസ് അറിയിച്ചതമുസരിച്ച് ബന്ധുക്കളെത്തി മരിച്ചത് രമേശാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ തങ്കമല സ്വദേശി ആറുമുഖത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.രമേശിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് നൂറു മീറ്റര്‍ അകലെ ഓട്ടോറിക്ഷയില്‍ കിടന്നുറങ്ങുകയായിരുന്നു ആറുമുഖം. ഞാറാഴ്ച രാത്രി മദ്യപിച്ചെത്തിയ രമേശ് സ്വന്തം വീട്ടിലും ഭാര്യവീട്ടിലും വഴക്കുണ്ടാക്കിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു ശേഷം ആറുമുഖത്തിന്‍റെ ഓട്ടയിലാണ് വീട്ടില്‍ നിന്നും പോയത്. രണ്ടുപേരും വീണ്ടും മദ്യപിച്ചതായി ആറുമുഖം പോലീസിനോട് പറഞ്ഞു.